October 16, 2011

കിനാവുകള്‍

എന്‍റെ കിനാവുകള്‍ക്കെത്ര നിറങ്ങള്‍ ?
പറയുവാന്‍ അറിയാത്ത പുതുനിറങ്ങള്‍ ....
പകര്‍ത്തുവാന്‍ അറിയാത്ത നറുനിറങ്ങള്‍ .

രാവുകള്‍തോറും ഏതോ മാസ്മര സ്പര്‍ശവുമായ്...
നിദ്രതന്‍ തേരിലേറി നീയണയും.
കണ്ണിമ തുറക്കാതെ കാണുവാന്‍ കഴിയുന്ന ...
അസുലഭ കാഴ്ചയുമായ് വന്നണയും.

ചിലനേരം  നീ തരും വര്‍ണ്ണാഭ നിറയും നിമിഷാര്‍ഥങ്ങള്‍ ,
ചിലനേരം ഇത്തിരി അനിഷ്ടതകള്‍ ,
കണ്ടു പാതി കഴിയുമ്പോള്‍ പിടഞ്ഞെഴുന്നേറ്റു പോകും ഭയാനക രംഗങ്ങളും ...
ഇങ്ങനെയൊക്കെ എങ്കിലും ഇഷ്ടപ്പെടുന്നു ഞാന്‍ നിന്നെയോരുപാടു.

കണ്ടു മറന്ന കിനാക്കളെ ഓര്‍ത്തു ...
മിണ്ടാതിരുന്ന പുലര്‍വേളകളില്‍ ഒന്നില്‍ ,
ഇനിയും നീ വരും എന്നൊരു തോന്നലാല്‍ ...
അറിയാതെ വീണ്ടും ചിരിച്ചുപോയി .

എന്നെയും കൂട്ടി നീ ചെയ്ത യാത്രകളത്രയും ,
എതോരുനാളും വിസ്മരിക്കില്ല ഞാന്‍ .
ഇനിയെത്ര വിസ്മയ സ്വപ്നങ്ങള്‍ കാണുവാനാകും ? അതുമാത്രമെന്‍ മനസ്സിലിപ്പോള്‍.

എവിടെ നിന്ന് നീ വന്നതും,
എവിടേക്കു നീ പോയകന്നതും ...
അരൂപിയാം സ്വപന്മേ ... നിന്നെ തിരയുന്ന,
എന്നെ ഞാന്‍ കണ്ടതും , ഏതോ ഒരു കിനാവിലായിരുന്നു .

കിനാവും , നിലാവും നിറയുമീ സുന്ദര രാവും ...
മഴചാറ്റലും , തൂമഞ്ഞും രജനീഗന്ധിയും ....
ഇന്നും നാളെയും ഇനിയൊരു ജന്മവും
അനശ്വര ശോഭയായ് നിറയട്ടെ.

January 20, 2011

ഈ രാത്രി ഇനിയെന്നും .......

നിലാവൊരു  സാന്ത്വന  സംഗീതമായെന്റെ  കണ്ണീര്‍  തുടക്കവേ ,
ഒരായിരം  നിശാഗന്ധികള്‍  പൂത്തൊരു  സൗരഭ്യം ഇവിടെയെല്ലാം,
ഇളം  മഞ്ഞു  പൊഴിയുന്ന  നേരം  , കാറ്റിന്‍ തഴുകലും ...
ഈ  രാത്രി  പുലരാതെ ..പുലരാതെ ....

പൂമരം  പെയ്യുന്ന  മുറ്റത്തു നില്‍ക്കുമ്പോള്‍ ,

ദൂരെ  എവിടെയോ  നീലാംബരിയുടെ  ആരോഹണം , 

ഇതുവരെ  നുകരാത്ത  മധുരമീ  രാവിനു...
ഈ  രാത്രി  പുലരാതെ ..പുലരാതെ ....

കാലമീ  മണ്ണിനു  മീതെ   ചമച്ച  കെട്ടു കാഴ്ചകള്‍ക്ക് ഒന്നും ,

ഇന്നും  ഇനി  മേലിലും  കഴിയില്ല  രാവിനെ  പോല്‍ ...
നിലാക്കുളിരും, പൂമണവും, സാന്ദ്ര സംഗീതവും  പകരുവാന്‍.
ഈ  രാത്രി  പുലരാതെ ..പുലരാതെ ....

വിടരാത്ത  മൊട്ടും , തളിക്കാത്ത  ചില്ലയും ...
 
നിശീധിനീ  നിനക്കായ്‌  കാത്തുനില്‍ക്കും ,
നിന്റെ  നിശബ്ദമാം  തലോടലിനായ്.
ഈ  രാത്രി  പുലരാതെ ..പുലരാതെ ....

നിദ്ര  നീ  വരിക  വേണ്ട ,ഇനിയും  ഇത്തിരി  നേരത്തേക്ക്  കൂടി ,

ഇന്നിലെ  രാവല്ല നാളെ , ഋതുക്കള്‍  മാറും, കണ്ടോട്ടെ  കണ്‍ കുളിര്‍കെ ...
നിശാ ശലഭങ്ങളെ, പൂക്കളെ, താരാപഥത്തെ ,
പുല്‍ നാമ്പിനെ...
നിറ നിലാവില്‍ കുളിച്ചു നില്‍ക്കും പച്ചിലച്ചാര്‍ത്തുകളെ..., പിന്നെയും പലതുകളെ ...
രാത്രീ ... നീ മധുരിതമാം ഒരനുഭൂതി, പുതിയൊരുണര്‍വ്വിന്റെ  ശംഖൊലി .




August 27, 2010

എന്റെ ഓണം

 ണം , വര്‍ണ്ണനകള്‍ ഒന്നും ഇല്ലാതെ തന്നെ, മലയാളിയുടെ മനസോടു ചേര്‍ന്ന് നില്‍ക്കുന്ന വര്‍ണ്ണാഭമായ ഉത്സവം. എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന , പങ്കുവെക്കുന്ന ... നന്മയുടെ, നിറവിന്റെ ,കൂട്ടായ്മയുടെ നാളുകള്‍ . ഇങ്ങനെയൊക്കെ ഇന്ന് എഴുതാന്‍ മടിയാണ് . ഇപ്പൊ കുപ്പികളുടെ എണ്ണം നോക്കിയാണ് എല്ലാ ഉത്സവങ്ങളും പൊടി പോടിക്കുന്നത് .

മാവേലി വാണ നാട് പോലെ സുന്ദരം അല്ല ഇന്നത്തെ കേരളം , നാടും നാട്ടാരും വളരെ മാറിപ്പോയി , തുമ്പയും , തൊടിയിലെ തെച്ചിയും ഇന്ന് എവിടെ ഉണ്ട് ? പോട്ടെ നല്ലോരോ വാഴയില കിട്ടുമോ , ഒരു നല്ല മാവേലിയെ കൂടി കാണാന്‍ ടിവി കാണേണ്ട അവസ്ഥയാണ്‌ ഇന്ന് മലയാളിക്ക് .-- ദുരവസ്ഥ -- അതായിരിക്കും കുറേക്കൂടി ഇണങ്ങുന്ന പ്രയോഗം . ഞാന്‍ ഉള്‍പെടുന്ന സമൂഹം ഇന്ന് സമയത്തെ പഴി ചാരി പല കര്‍മ്മങ്ങളും മറക്കുന്നു . ജീവിത ബുദ്ധിമുട്ടുകള്‍ പലര്‍ക്കും ആഘോഷങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ഒരു കാരണം ആകുന്നുണ്ടാകാം , എന്നാല്‍ ഓണക്കാലം ഇന്ന് പലരെയും ബുദ്ധിമുട്ടില്‍ ആക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ദ്ധ്യം ആണ് . ജനസംഖ്യ  31,841,374  (ഏകദേശം) ഉള്ള കേരളം ഉത്സവകാലത് മദ്യപിക്കുന്നത്  ശരാശരി
80 കോടി രൂപക്കാണ് . ഇതിനു എനിക്ക് പരാതി  ഒന്നും ഇല്ല  പക്ഷെ കുടിക്കുവാന്‍ വേണ്ടി മാത്രം തുനിഞ്ഞു ഇറങ്ങുന്നവര്‍ അവരെ കുറിച്ച് ഒന്ന് ചിന്തിക്കുക , അവരുടെ കുടുംബത്തെ ഓര്‍ക്കുക . വെറുതെ പറയാം ആരും ചെയ്യില്ല ..ഇവിടെ നല്ലത് മാത്രം സംഭവിച്ചാല്‍ പല വകുപ്പുകളിലും ആള് കുറക്കേണ്ടി വരും , പോലിസ് ,വക്കീല്‍  , ഡോക്ടര്‍മാര്‍ ... ഇവര്‍ക്കൊക്കെ പണി പോകും .

എന്നാലും ഓണക്കാലം എനിക്കിപ്പോഴും  ഒരു പിടി ഓര്‍മ്മകളും , മനസ്സിന് സന്തോഷം ഉണ്ടാകുന്ന ചില ദിവസങ്ങളും ആണ് . എല്ലാവരും "ഓണമല്ലേ" എന്ന് പറഞ്ഞു ഒത്തുകൂടാന്‍ കൊതിക്കുന്ന കുറച്ചു ദിവസങ്ങള്‍.


എന്റെ കുട്ടിക്കാലം ഓര്‍ക്കുമ്പോള്‍  - പൂവിളിയും പൂക്കളം ഇടലും ഒന്നും ഉണ്ടായിട്ടില്ല ,അന്ന്  എല്ലാവരും  കൂടിയിരുന്നു കറിക്ക് നുറുക്കും, നേന്ത്രക്കായ  പൊളിക്കും, -  ഉപ്പേരി  അച്ഛന്‍  വറത്തോളും... നമ്മള്‍  ഉപ്പു  നോക്കിയാല്‍  മതി .
ഓണപ്പാട്ടുകള്‍  ആണ്  എനിക്കിന്നും  മധുരമുള്ള  ഒരു  ഓര്‍മ്മ .രവീന്ദ്രന്‍  മാഷ്‌ (സംഗീതം ) ,ബിച്ചു ,രേമേശന്‍  നായര്‍ ,ശ്രീകുമാരന്‍  തമ്പി (രചന ) യേശുദാസ്‌ ,ചിത്ര ,സുജാത ,മിന്മിനി (ആലാപനം‌ )  തരംഗിണിയുടെ ആണ് കാസെറ്റ് (അന്ന്  സീഡി ഒന്നും പ്രചാരം ആയിട്ടില്ല നാട്ടില്‍ ).ഈ കൂട്ടായ്മ  ആയിരുന്നു  എണ്‍പതുകളിലും, തൊണ്ണൂറുകളുടെ മദ്ധ്യം വരെയും ഓണ പാട്ടുകളുടെ ഉത്സവ കാലം  എന്ന്  വേണേല്‍  പറയാം ...അത്രെയും  കേമം  ആയിരുന്നു  ആ  പാട്ടുകള്‍ , ഞാന്‍  ഇപ്പോഴും  ഇവയെല്ലാം  സൂക്ഷിക്കുന്നു ,എത്ര കേട്ടാലും   മതി  വരാത്ത  പാട്ടുകള്‍ ....


പിന്നെ  ഉള്ള  ഒരു  സന്തോഷം  പത്തു  ദിവസം  വിദ്യാലയത്തില്‍  പോകണ്ട  എന്നുള്ളതാണ് ."ഓണക്കോടി" -,അത്  സ്ഥിരമായി  എല്ലാ  ഓണത്തിനും  എടുക്കാറില്ല , അതൊകൊണ്ട്  ഓണക്കൊടിയെ  കുറിച്ച്  കൂടുതല്‍  ഒന്നും  പറയാനില്ല ...
രണ്ടു  മൂന്നു  ദിവസം  വിഭവ  സമൃദ്ധമായ  ഊണ്  കഴിച്ചു  വീട്ടില്‍  ഇരിക്കും , പിന്നെ  അമ്മയുടെ  വീട്ടില്‍  പോകും  അവിടെയാണ്  ഊഞ്ഞാല്‍  ആട്ടം  , ഓണക്കളികള്‍  എല്ലാം .


പത്താം തരം വരെ ഏതാണ്ട് ഇതുപോലെ ഒക്കെ പോയി .. അത് വരെ ഇല്ലാതെ ഇരുന്ന ചില ശീലങ്ങള്‍ തുടങ്ങി -"ഓണാശംസകള്‍" നേരുന്ന ഒരു പതിവ് . പിന്നെ കൂട്ടുകാരുടെ വീടുകളില്‍ പോകുക, അവര്‍ക്ക് എന്റെ വീട്ടില്‍ ഓണ സദ്യ കൊടുക്കുക, ഓണം കഴിഞ്ഞു കലാലയത്തില്‍ പോകുമ്പോള്‍ ഉപ്പേരി കൊണ്ട് കൊടുക്കുക ...ഇങ്ങനെ കുറെ പരിചിതമല്ലാത്ത കാര്യങ്ങള്‍ ചയ്തു തുടങ്ങി . ചാനലിലെ ഓണാഘോഷം നമ്മുടെ
ഓണാഘോഷം ആയി മാറി തുടങ്ങിയ സമയം , പുറത്തെ കളികള്‍ കുറഞ്ഞു, ആഘോഷങ്ങള്‍ ക്ലബ്ബുകള്‍ ഏറ്റെടുത്തു , പിന്നെ അവരുടെ പിരിവുകള്‍ , ഓണത്തിന് മാത്രം ജനിക്കുന്ന ക്ലബുകളും ഇതിനിടയില്‍ ഉണ്ട് കേട്ടോ , അവരുടെ ഓണം ചിലവുകള്‍ നടന്നു പോകും .

ഓര്‍മകളില്‍ പിന്നെ ഉള്ളത് ചില "മാവേലി" ബന്ധുക്കള്‍ ആണ് --ഓണത്തിന് മാത്രമേ അവരെ ആ വഴിക്ക് കാണാന്‍ പറ്റുകയുള്ളു -- എങ്കിലും ഒരു സന്തോഷമായിരുന്നു ....

ഈ പ്രായത്തിലാണ് അച്ഛന്‍ ഓണം സമയത്ത് സ്മാള്‍ തന്നു തുടങ്ങിയത് . വളരെ  ചെറിയ  ഒരെണ്ണം. പിന്നെയും ഇതേപോലെ മൂന്ന് വര്‍ഷങ്ങള്‍ ,,അതിനു ശേഷം കോയമ്പത്തൂരില്‍ ഉപരി പഠനം , എന്നാലും ആ മൂന്ന് വര്‍ഷവും ഓണത്തിന് നാട്ടില്‍ എത്തും , പക്ഷെ വീട്ടില്‍ തന്നെ ഇരിക്കും വിരുന്നു പോകുന്ന പതിവോക്കെ നിന്നു.

ജോലിക്ക് പ്രവേശിച്ച ശേഷവും ഓണത്തിന് ബാഗ്ലൂരില്‍ നിന്നും നാട്ടില്‍ എത്തും, നാട്ടില്‍  ജോലികിട്ടിയ ശേഷവും പതിവുപോലെ ഓണം കൂടാന്‍ പറ്റി . വിവാഹ ശേഷം ഓണത്തിന് ഒപ്പം ഒരാള്‍ കൂടിയായി  , കഴിഞ്ഞ തിരുവോണത്തിന്  മകന്  ചോറു കൊടുത്തു , ഇപ്പൊ ഓണക്കോടി എടുക്കാതിരിക്കാന്‍ കഴിയുന്നില്ല ...,  ഇതെല്ലാം ഇനിയും നല്ല ഓര്‍മ്മകള്‍ ആയി മാറട്ടെ  ... മനസ്സിനെ മണ്ണിനോട് അടുപ്പിക്കുന്ന ഏതോ ഒരു കണ്ണി ആണ് ഓണം എന്ന് എനിക്ക് പറയാന്‍ തോന്നുന്നു . ഇതൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ഓരോ ഓണവും വേഗം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു ...

ഇനിയും ഒരുപാടു ഓണത്തിനുള്ള ബാല്യം പേറി... തലമുറകളുടെ ഓണ സ്മൃതികള്‍ കേട്ട് ...വരും തലമുറയ്ക്ക് ഈ വാക്കെങ്കിലും -"ഓണം"- പറഞ്ഞുകൊടുക്കാന്‍ കഴിയണം എന്ന പ്രത്യാശയോടെ തല്ക്കാലം നിര്‍ത്തുന്നു. 

July 29, 2010

നനവുള്ള ഓര്‍മ്മകള്‍

മഴയുടെ  ഓര്‍മ്മകള്‍  ഒരു  കാര്‍മേഘമായ്  മനസ്സില്‍  നിറയുന്നു
മഴ  എന്റെ  മനസ്സില്‍  കുളിരും  കിനാവും ,
ഏകാന്ത  വീചികളില്‍  കൂട്ടുകാരനും  അന്നൊക്കെ ,
ഒരുപാടു  നേരം  തോരാതെ  ആടിയും ഉലഞ്ഞും ,
ഇടയില്‍  ദിക്കു പൊട്ടുമാറു ഇടിമിന്നലയും ,
ആര്‍ദ്രമാം  ഓര്‍മ്മകള്‍  തൊട്ടുണര്‍ത്തിയും ,
വെറുതെ  വന്നു  കണ്ചിമ്മി  മറയുന്നു .

മണ്ണിന്‍  മനം  പേറി  ഏത്തും  പുതുമഴ ,
ആര്‍ത്തലച്ചണയും തുലാ മാസ മഴ ,
ജനല്‍ പാളികള്‍  കുളിര്‍ക്കും  രാത്രിമഴ ,
പിന്നെ  ചിലപ്പോള്‍  വേനല്‍  മഴ ,
മഴ - ഒരു  അവിസ്മരണീയമാം ആനന്ദം ,
മധുരോധാരമൊരു മൌന സംഗീതം .

പല  മഴക്കാലം  വന്നു  പോയെങ്കിലും  ,
ഇനി  വരുന്നതും  കാത്തിരിപ്പൂ ,
മഴ  പെയ്തു  തോരുമ്പോള്‍  മരം  പെയ്തു  കാണുവാന്‍  തൊടിയില്‍  നടന്നും ,
ഇല ചാര്‍ത്തിലെ മഴവെള്ളം  ഉലച്ചു  തെറിപ്പിച്ചും ,
ചേമ്പില താളിലെ  മഴ  മൊട്ടു  പൊട്ടിച്ചും ,
ഓര്‍മയിലെ  മഴ , ഓമനയാം മഴ .

കിണര്‍  വെള്ളം  പൊങ്ങിയതു കാണുവാന്‍  ഓടിയതും ,
അച്ഛന്‍  വിളിച്ചിട്ട്  പുരപ്പുറത്തെ  കരിയില  വാരിയതും ,
അനുജത്തി  കാലിടറി  വീണതും ,
പുതുമഴയില്‍  കുമിള്‍  വന്നതും ,
ഓര്‍ക്കുവാന്‍  ഒരുപാടു  ഓര്‍മ്മകള്‍  തന്നും ,
പെരുമഴക്കാലങ്ങള്‍  പെയ്തു  പോകുന്നു .

മാനത്തു മഴവില്ലിന്‍  മന്ദഹാസം ,
താഴത്  വീഴും  ആലിപ്പഴങ്ങളും ,
മോദത്തില്‍  കളിവഞ്ചി  പായിക്കും  ബാല്യങ്ങള്‍ ,
കേമത്തില്‍  വിള കൊയ്യും  മാനവന്‍ ,
ഇന്നിന്റെ  കണ്ണുകള്‍  കൊതിക്കുമീ കാഴ്ചകള്‍ ,
അന്നിന്റെ  നല്ലോര്‍മ്മകള്‍ ആയി  മാറി .

അത്തി മരത്തിലെ  കുഞ്ഞു  കിളിക്കൂടു തകര്‍ത്തും ,
കുട്ടിക്കിടാവിനെ  നനയിച്ചും ,
ഓലപ്പുരയാകെ കുതിര്‍ത്തും,
നടവഴികള്‍ ഒക്കെയും  വെള്ളം  നിറച്ചും ,
നേരവും  കാലവും ഇല്ലാതെ
ചിന്നിയും  ചിതറിയും  പെയ്തു  മറയും മഴ .

മഴയുടെ  പല  മുഖം  മാനത്തും  മണ്ണിലും ,
ചില  നേരം  വേണ്ടെന്നു  പറഞ്ഞു പോകും ,
കര്‍ക്കിടക  മഴ  നിര്‍ത്താതെ  പെയ്യുമ്പോള്‍ ,
തീ  പുകയാത്ത  കുടിലുകള്‍  ഇപ്പോഴും  ദൃശ്യം ,
കാലം  എല്ലാം  മറ്റും എങ്കിലും  ,
കലാതീതമാം  ഈ മഴക്കാലം .

ജലാശയങ്ങള്‍  പലതു വറ്റി ,

നിളയുടെ ദുഖവും തുടരുന്നു ...,
ഇനി വരും മഴയെല്ലാം ഉറച്ചു പെയ്യട്ടെ ,
പാടത്തു വിത്തുകള്‍ മുളക്കട്ടെ,
നാടിന്റെ പഞ്ഞം പോയ്‌ മറയട്ടെ,
മഴ- നീ ഇനിയും വരിക വരിക നല്ല നാളുകള്‍ക്കായ്.
 

July 2, 2010

മംഗളം പാടി ഈ ലോകത്ത് നിന്നും ..................

ഒരു ശുദ്ധ സംഗീത ധാരയുടെ സ്രോതസ്സ് കൂടി മലയാളികള്‍ക്ക് നഷ്ടമായിരിക്കുന്നു ...........
പ്രിയങ്കരനായ എം ജി രാധാകൃഷ്ണന്‍ ചേട്ടന്‍ ഇഹലോകവാസം വെടിഞ്ഞു.
ഇനിയുള്ള നാളുകള്‍ അദ്ദേഹത്തിന്റെ സംഗീത സപര്യയുടെ സംഭാവനകളായ ഗാനങ്ങളിലൂടെ,
മലയാളിക്ക് ആ സര്‍ഗ്ഗ സാന്നിധ്യം തൊട്ടറിയാം .
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യമായ ശാന്തി നേരുന്നു ........

June 28, 2010

കാലക്കോലങ്ങള്‍

കാലം  കൈകളാല്‍  എഴുതുന്ന  കവിതയില്‍  ,
മനുഷ്യനാം  നമ്മെ  എന്തു വിളിക്കും,
മുറിവുകള്‍  മാത്രം  ഓര്‍ക്കുവാന്‍  ഉള്ളപ്പോള്‍
ഒരിക്കലും  ഒരു  വാക്കില്‍ തീരുകില്ല ...


കപട  തന്ത്രങ്ങള്‍  മെനയുന്ന മര്‍ത്യനു വേണ്ടി ,
ഒരുപാടു  താളുകള്‍  മാറ്റിവെച്ചേക്കാം ,
എങ്കിലും  എവിടെയോ  പറയുവാന്‍  മാത്രം ,
ഒരു  നുള്ളു നന്മകള്‍  ചോരിഞ്ഞൊരു  നാമം  ഉണ്ടാകാം ,


അന്ധത  നടിക്കുന്ന  അല്പരും ,
നല്‍കുവാന്‍  മടിക്കും  ധനികരും ,
കാലത്തെ  പഴി ചാരും ദീനനും ,
അന്ത്യമാം  വേളയില്‍  എല്ലാം  വെടിയുന്നു .


കാലം  വിതക്കും  നമ്കള്‍  കൊയ്യുവാന്‍ ,
പേരറിയാത്തവര്‍  തമ്മില്‍  അടിക്കുന്നു ...
മുഖം,  മൂടി  എത്തും സോദരര്‍ ,
അമ്മതന്‍  രോദനം  കേള്‍ക്കാതെ  പോകുന്നു


ചിരിക്കുന്ന  കുഞ്ഞിന്‍  മുഖത്തുപോലും ,
കരുണ  തേടുന്നൊരു  കര്‍മ്മ  ദോഷം ,
ഇവിടെയൊരു  പരമമാം  സത്യം  അറിയുക ,
നാളെ  ഇവരോടു നിങ്ങളും  കൈനീട്ടും


നന്മ , ധര്‍മ്മം , സ്നേഹം  ഇവ എന്തെന്നു ആരായുന്നവര്‍  ,
വാക്കുകള്‍ക്കും  നികുതി  ചുമത്തുന്നവര്‍  ,
പോയ  വഴികള്‍  മറക്കുന്ന  ചക്രങ്ങള്‍ ,
വീണ  പാടുകള്‍  മായ്ക്കുവാന്‍  കാലത്തെ വിളിക്കുന്നു


വര്‍ണ്ണ  വെറിയന്മാര്‍ കലാപങ്ങള്‍  കൂട്ടുമ്പോള്‍ ,
അമ്മമാര്‍  കരയുന്നു  മക്കള്‍ക്കു വേണ്ടി ,
ഒരുകുന്ന മനസുമായി  അച്ചന്മാരും ,
ഇവരും  ഉണ്ടാകും  വരികളില്‍,  തീഷ്ണത  കൂട്ടുവാന്‍


കര്‍മ്മ  കാണ്ഡം  കഴിഞ്ഞില്ല  സോദരാ,
ഇനിയും  നടക്കണം  അധിക  ദൂരം,
വഴിവിളക്കുകള്‍  മങ്ങി , ഒന്നിരിക്കാം  ഇവിടെ, 
ഇനിയൊരു  കാലം  പുലരുവാന്‍ .

April 18, 2010

കണ്മണി


നിര്‍മ്മല  നിശബ്ദ  താരുണ്യമേ ,
അതിലോല  കല്പിത  സൗന്ദര്യമേ
എന്റെ  മിഴിയിലെ  നിറവാര്‍ന്ന  ലാവണ്യമേ
നിന്റെ  അരികില്‍  ഞാനൊന്നു  വന്നോട്ടെ?


അരിമുല്ല   പൂത്തപോള്‍ നിന്‍  ചിരി ,
ആ  കവിളത്തു വിരുയുമൊരു  വെണ്‍ ചന്തം ,
അകതാരില്‍  ഓര്‍ക്കുവാന്‍  ആയിരം  തിരിയിട്ട 
വിളക്കുപോല്‍ എന്നും  നിന്‍  മിഴിത്തിളക്കം .


ഓര്‍മ്മകളില്‍  എന്നും  നിറയുന്ന  വസന്തമായ്‌ ,
കാമനകള്‍  ഉണര്‍ത്തുന്ന  ഗന്ധമായ്  ,
നാദമായ് താളമായ്  അനുഭൂതിതന്‍  ലയമായ്  ,
കണ്മണീ  നീ  എന്റെ  പാതിമെയ്യായ് .


പിണക്കങ്ങളൊക്കെയും ഇമ  ചിമ്മി  പോകവേ
ഇണക്കങ്ങള്‍  നെഞ്ചിന്‍  തുടിപ്പുകള്‍  ആകവേ ,
പാടുന്ന  പാട്ടില്‍  ഞാന്‍  ഈണമായ്  മാറവേ ,
കാലം  നമുക്കായി  സാഗരം  തീര്‍ക്കവേ ,


ഞാനും  എന്നിലെ  സ്നേഹ  നൂലിഴകളും ,
നിനക്കായി  പട്ടു  പാവാട  നെയ്യുമീ  ധന്യമാം  വേളയില്‍ ,
വരൂ  നീ  എന്നിലെ  ഹൃദയ  ഗീതങ്ങളെ  തഴുകുവാന്‍ ,
നീ  മാത്രമാണതിന്‍ സ്പന്ദനം  അറിയുന്നു .


എന്നുമീ    കൈകളാല്‍  തൊട്ടുണര്‍ത്തീടണം  എന്‍  നിദ്രയില്‍  നിന്നും ,
എന്നുമീ  കൈകളാല്‍  എനിക്കായ്  വിളബീടണം  ,
ഇവിടെയുണ്ടെന്‍ കരങ്ങള്‍  നിന്നെ  ഊട്ടുവാന്‍ ഉറക്കുവാന്‍ , നിന്നെ  ചേര്‍ത്ത്  പുണരുവാന്‍ ,
നമ്മുടെ  മുത്തിനെ  ആവോളം  എടുത്തു  ഉമ്മ  വെക്കുവാന്‍ .


രത്നവും  അല്ല  നീ  സ്വര്‍ണ്ണവും   അല്ല ,
അതിലും  വശ്യമാം   ദീപ  സാന്നിദ്ധ്യമാണ്  നീ ,
ഈ  കൊച്ചു  ഭവനത്തിന്‍  ദേവതയാണ്  നീ 
നോവാതെ  എന്നും  നോക്കിടന്‍  എന്നെയും  ശക്തനാം  ഈശ്വരന്‍  പ്രാപ്തനാക്കട്ടെ.



April 11, 2010

ചിറകുകള്‍ പറയുന്നത്

ഇവിടമല്ലാതൊരു ഭൂമി ഉണ്ടെങ്കില്‍ അവിടെക്കു ഞാന്‍ പറന്നേനേം,
മനുഷ്യരെ കാണുവാന്‍ കൊതിക്കണം ഇന്നിവിടെ, പണം വാഴും ഈ അസ്ഥിര ഭൂമിയില്‍ ,
ഇവിടെ ഉണ്ടായിരുന്നു  എല്ലാം ... ഒരു  നാള്‍  വരെ,
എങ്ങനെ   പോയി മറഞ്ഞെന്നു  പറയുവാന്‍  അറിയില്ല.


അനുഭവം  കൊണ്ടു ഞാന്‍  നേടിയ  ധനമെല്ലാം  ,
ഇവിടെ  വെടിയുന്നു  പുതിയ  ലോകത്തിനായ്,
ഇതു  വെറും  സ്വപ്നമാണെങ്കിലും പിന്നോട്ടു നടക്കുവാന്‍  ആകില്ല
ഇനി  ഒരു  നാള്‍  വരുമെന്നു നിനക്കുവാന്‍  പോലും  മനസ്സില്ലാതെയായ് .


കേള്‍ക്കാത്ത   സാന്ത്വനം  അശരീരി  പോലെ  മുഴങ്ങുന്നു ,
ഇനി  ഇവിടെ  ഈ  വഴിത്താരകള്‍  ഒഴിഞ്ഞു  കിടന്നേക്കും ,
അറിവിന്റെ  രശ്മികള്‍   പതിയുന്ന  നാള്‍  വരുമെങ്കില്‍ ,
അതൊരു  തിരിച്ചറിവ് ആകട്ടെ എന്നേക്കുമായി .


കൂട്ടിനു  വരുവാന്‍  ആരുമില്ല,  എങ്കിലും  പോകുന്നു ,
വേര്‍പാടുകള്‍  നനക്കുന്ന  കണ്ണുകള്‍  തുടച്ചു  ഞാന്‍  പോകുന്നു ,
നാള്‍വഴികള്‍  കടന്നു  പുതു  മണ്ണിന്റെ  മാറില്‍,
നേരിന്റെ  നിറവുകള്‍  തേടി  പോകുന്നു  പോകുന്നു.


ദിനരാത്രങ്ങള്‍  പലതു  കടന്നിട്ടും ,
എന്റെ  ചിറകുകള്‍  തേങ്ങി  തളര്‍ന്നിട്ടും  ,
പ്രതീക്ഷതന്‍  പാതകള്‍  മുന്നിലുണ്ടെങ്കിലും ,
മറുകര  കാണാതെ  ഞാന്‍  വിതുമ്പി  നിന്നു.


രാവിലെ  താരകം  കണ്‍ചിമ്മി   നോക്കിയെന്‍  ഏകാന്ത പാലായനം ,
അവിടെക്കു  ചെല്ലുവാന്‍  ക്ഷണിച്ചിട്ടും,
എന്നിലെ മോഹത്തിന്‍  വല്ലികള്‍ മടിച്ചു  നിന്നു ,
മറുവാക്കൊന്നും പറയാതെ, ഞാനെന്‍  ചിറകുകള്‍  വീശി പറന്നകന്നു.


ഒരു  മാത്ര  വീണ്ടുമെന്‍  ചിന്ത ഇടറുന്നുവോ ,
കാണാത്ത വഴികള്‍  തേടുമീ  യാത്രക്കു തീരം  ഉണ്ടാകുമോ ,
നെഞ്ചിലെ  തുടിപ്പുകള്‍  കൂടുന്നുവോ, എന്റെ  ചിറകുകള്‍  മെല്ലെ  ഉലയുന്നുവോ,
ഇല്ല  ഞാനില്ല  ഇനിയുമീ  നിസ്സീമ  യാത്രയില്‍  നിന്റെ  കൂടെ, മനസ്സും കൈവിട്ടൊരു  ദേഹിയായി  മാറുന്നുവോ ...


ഇല്ല  ഞാന്‍  താണ്ടിയ  വഴികള്‍  ഇനിയും  പറക്കുവാന്‍ ...
കണ്ടെത്തീടണം എന്‍  സ്വപ്ന  മരീചിക ,
കണ്ണുകള്‍  ഉടക്കുന്നു  താഴെ  ആ   നീര്‍ തടാകത്തിലെ  ഓളങ്ങളില്‍ ,
താണു പറന്നിറങ്ങി  ഞാന്‍  ആ കരയിലേക്കു.


ഒരു  കല്‍മണ്ഡപം  കാണുന്നു , ചെമ്പക  മരവും  അടുത്തായി
കൂടുകള്‍  കൊട്ടാന്‍  മരച്ചില്ലകളും ,
ദാഹമടക്കി  ഞാന്‍  എന്നോട്  മന്ത്രിച്ചു ,
ഇവിടമാകട്ടേ  ഇനി  ഞാന്‍ ഉറങ്ങുന്ന അഭൌമ തീരം.

January 23, 2010

എന്റെ ഹൃതു സംക്രമ പക്ഷിക്ക്

 --ഇതു വായിക്കുന്ന നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു--
[ഞാനും  നിങ്ങളും (വായിക്കുന്നവര്‍ ) മനുഷ്യ ജന്മത്തിലെ സാധാരണക്കാരാകണം ; നിര്‍ബന്ധമല്ല ; ഞാന്‍ ഇതു എഴുതുന്നത്‌ അച്ഛന്റെയും മകളുടെയും സ്നേഹമെന്ന വികാരത്തിന്റെ ആഴം കാട്ടിത്തരുവാനല്ല, വേദനിപ്പിക്കാനായുമല്ല ,മറിച്ച്‌ ഞാന്‍ കാണുന്ന കപട സ്നേഹത്തിന്റെയും ,കണ്ണീരിന്റെയും ; നവഭാവങ്ങളും കാണിച്ചുള്ള അഭിനയത്തിന്റെയും കയ്പ് എന്തെന്ന് കുറച്ചെങ്കിലും  മനസ്സില്ക്കാനാണ് , പക്ഷെ നിര്‍ഭാഗ്യം .... എന്റെ ഈ കഥയില്‍ അത് നിങ്ങള്ക്ക് കാണാനാകില്ല !!!
           എന്റെ കഥയില്‍ ഞാന്‍ പറയാത്ത ഒരു സൗഹൃതം ഉണ്ട് , പിത്രു വാത്സല്യം ഉണ്ട് , മാത്രു സ്നേഹം ഉണ്ട്, സഹോദരന്റെ പരിരക്ഷ  ഇവയെല്ലാം ഉണ്ട്   - ഇതു കാണാന്‍, ഉള്‍ക്കൊള്ളാന്‍ ; വായിക്കുന്നവര്‍ ആരെങ്കിലും അത് മനസ്സിലാക്കിയാല്‍ , അവിടെയാണ് എനിക്ക് ഇനിയുമൊരു നാലുവരി എഴുതാന്‍ കരുത്തുണ്ടാകുന്നത് . യാതൊരുവിധ ആകാംഷ്യക്കും ഇടമില്ലാത്ത കുറച്ചു വരികള്‍ മാത്രം , അവയില്‍ ചില വാക്കുകളുടെ ക്രെമീകരണങ്ങള്‍ . അതിനാലാണ് ഇത്രയും കാര്യങ്ങള്‍ ആദ്യം തന്നെ പറയുന്നത് . ആരുടേയും വിലപ്പെട്ടതോ ! അല്ലാത്തതോ ആയ ഒരു നിമിഷം പോലും ഈ കഥക്കോ (അങ്ങനെ ഞാന്‍ വിളിക്കുന്നു ), എഴുതിയ എനിക്കോ വേണ്ടി പാഴവുന്നതില്‍ തെല്ലും താല്പര്യം ഇല്ലാത്തതു കൊണ്ടും ; എന്നെ അറിയുന്നവര്‍ക്കായി ഒരു നേരമ്പോക്ക് ഇഷ്ടപ്പെടുത്താന്‍ വേണ്ടിയും മാത്രം ; ഞാന്‍ എഴുതുന്നു ....." നേര്‍ത്ത നൊമ്പരങ്ങളുടെ താളവുമായി ", നിങ്ങള്‍ക്കായി "" എന്റെ ഹൃതു സംക്രമ പക്ഷിക്ക് ...."" ...............................................................................അരുണ്‍ ]



"ചിദംബരം " വീടിനുള്ളില്‍ പുലര്‍ച്ചെ മൂന്നു മണി കഴിഞ്ഞപ്പോള്‍ തന്നെ വെളിച്ചം , മാധവ മേനോന്‍ സഹധര്‍മിണിയെ വിളിച്ചുണര്‍ത്തി നാലരക്കാണു ബസ്‌ നീ വേഗം റെഡിയാവണം . "ഉം " ഒരു സ്വരം താഴ്ന മൂളല്‍ മാത്രം . സിഗരട്ട് കത്തിച്ചു മേനോന്‍ നടന്നു .


[മാധവ മേനോന്‍ , retd IPS officer , ഭാര്യ ശാരദ രണ്ടു കുട്ടികള്‍ , ഒന്നാമന്‍ ഇംഗ്ലണ്ട് ഇല്‍ ഡോക്ടര്‍ , രണ്ടാമത് ......... ഹേമ ഇപ്പോള്‍ ഓര്‍മ്മയില്‍ ജീവിക്കുന്നു എന്ന് പറയാം . മൂന്നു വര്‍ഷം മുന്‍പ് ഊട്ടിയില്‍ വെച്ച് മരണപ്പെട്ടു . മാധവ മേനോന്‍ ഒരു കവിയും സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ തല്പരനുമായിരുന്നു . ഇപ്പോള്‍ സകലതും വെടിഞ്ഞു; അല്ല മറന്നു ജീവിക്കുന്നു . ഹേമയുടെ മൂന്നാം ചരമ വാര്‍ഷികഓ നാളെയാണ് , ഊട്ടിയില്‍ മകള്‍ വിടപറഞ്ഞു പോയ സ്ഥലത്തേക്ക് യാത്രപോകനോരുങ്ങുകയാണ് മേനോനും ശാരദയും]


"ഊട്ടി... ഊട്ടീ ....." ബസ്‌ സ്റ്റേഷനില്‍ ഉച്ചത്തില്‍ നിലവിളി , നേരത്തേ തന്നെ ഉറപ്പിച്ച സീറ്റുകളില്‍ രണ്ടാളും ഇരുന്നു .
" ഈ ഷോള്‍ ? ഇത് നിങ്ങള്‍ എന്തിനാണ് പുറത്തെടുക്കുന്നത് ? ഇത് കാണുമ്പോള്‍ ..." ശാരദാമ്മ .....(വിങ്ങുന്നു ); ഒരമ്മയുടെ സ്നേഹത്തിന്റെ, ലാളനയുടെ, മുലപ്പാലൂട്ടി വളര്‍ത്തിയതിന്റെ ഒക്കെ നൊമ്പരം; ആത്മാവിന്റെ ഭിത്തികള്‍ ഭേദിച്ച് പുറത്തുവരുന്ന വിഷാദത്തിന്റെ തുള്ളികള്‍ .
 ഹ എന്താടോ ഇത് ,,വെറുതെ ....വിഷമിക്കാതെ ,, മേനോന്‍ ആശ്വസിപ്പിക്കുന്നു.
മകള്‍ മരിക്കുമ്പോള്‍ ഉണ്ടായിരുന്നതാണ് ആ ഷോള്‍ , എല്ലാ വര്‍ഷവും ഊട്ടിക്കു പോകുമ്പോള്‍ ഹേമയുടെ കൂടെ ഉണ്ടായിരുന്നതാണ് അത് .....


ബസ്‌ യാത്ര ആരംഭിച്ചു ...... ഓര്‍മ്മകള്‍ മനുഷ്യ മനസിന്റെ കരുത്തും , എന്നാല്‍ ചിലപ്പോള്‍ ശാപവും, പ്രതികാരവും , ഉപകാരവും ആകുന്ന ഒരു അനുഭവം; അങ്ങനെ ഒരു നിര്‍വചനം ഞാന്‍ കൊടുക്കുന്നതില്‍ തെറ്റുണ്ടാകുമോ?..


.....] മോളെ എടീ നീ അടി വാങ്ങിക്കും ....ചിരികള്‍ ......... ശാരദാമ്മ ചിരിച്ചു ചിരിച്ചു കസേരയിലേക്ക് ഇരുന്നു പോയി ; ഹോ ഇവളെ കൊണ്ട് തോറ്റു; "എടി എന്റെ തൊപ്പി ഇവിടെ തരാന്‍ മൂന്നു മാസം കഴിഞ്ഞാല്‍ നീ എടുത്തോ " പെട്ടെന്ന് ഹരിഷ് ഹേമയുടെ തലയില്‍ നിന്ന് തൊപ്പി എടുത്തു അച്ഛനെ ഏല്‍പ്പിച്ചു . ഒരു പിണക്കത്തോടെ ഹേമ മുറിയിലേക്ക് . എന്താടാ ഇത് അവള്‍ തമാശ കാട്ടിയതല്ലേ ഇങ്ങനെ ഒന്നും പാടില്ല ഛെ രാവിലെ മൂടോഫായി , ഞാനൊന്നു നോക്കട്ടേ . എന്തൊക്കെയോ പറഞ്ഞു മേനോനും ശാരദയും ആ പതിനെട്ടു കാരിയെ തണുപ്പിച്ചു . മോളേ മറ്റെന്നാള്‍ നമ്മള്‍ ഊട്ടിക്കു പോകുകയാണ് നിനക്ക് ഡ്രസ്സ്‌ വല്ലതും വേണോ എന്ന് ചോദിച്ച ശേഷം മേനോന്‍ ഔദ്യോകിക വാഹനത്തില്‍ കര്‍മ്മത്തിലേക്കു .....
             ഹരീഷേട്ടാ ഞാന്‍ ഇന്ന് നിന്റെ കൂടെ വരുന്നില്ല ; നീ പോയ്കോ ...ഹേമ കോളെജിലേക്ക് ബസില്‍ പോകുവാന്‍ ഒരുങ്ങി , ശാരദാമ്മ ഇടപെട്ടു ,,,"മോളേ ബസില്‍ പോകണ്ട നീ ഇവന്റെ കൂടെ പോയ്കോ ; സമ്മതിക്കാതെ ഹേമ നടന്നകന്നു . ഹരീഷിനു നല്ല വിഷമം ആയി , അമ്മെ അവള്‍ക്കു ഇത്തിരി വാശി കൂടുതലാ,,എല്ലാര്‍ക്കും അവളോട്‌ മാത്രം എന്താ ഒരു മമത , ഞാന്‍ എപ്പോഴും ഔട്ട്‌ . ഓക്കേ ഞാന്‍ പോകുവാ .. ഹരിഷ് മെഡിക്കല്‍ കോളെജിലേക്ക്  യാത്ര ആയി , എം ബി ബി എസ് കഴിഞ്ഞു ഹൌസ് സര്‍ജന്‍സി ചെയ്യുകയാണ് ഹരീഷ് , അനിയത്തിയേക്കാള്‍ എട്ടു വര്‍ഷം പ്രായക്കൂടുതല്‍ ആണ് ഹരീഷിന് , അതിനാല്‍ അവര്‍ക്കിടയില്‍ ചേട്ടന്‍ - അനിയത്തി ബന്ധത്തിനാണ്  സൌഹൃതത്തേക്കാള്‍ സ്ഥിരത ഉണ്ടായിരുന്നത് . ഹരീഷ് കുറച്ചു സീരിയസ് ആയിരുന്നത് ഒരു കാരണം ആയിരുന്നു, എന്നാലും ചേട്ടന്റെ കൊച്ചുവാവി ആയി നടക്കാന്‍ ആയിരുന്നു അവള്‍ക്കു ഇഷ്ടം . സമയം വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു , മേനോന്‍ നേരത്തേ എത്തി ,, മോളേ....... ഇത് ഇട്ടു നോക്കൂ ; പുതിയ ഫാഷന്‍ ആണ് കേട്ടോ ...ചിരിച്ചു കൊണ്ട് മേനോന്‍ മുറിയിലേക്ക് നടന്നു ....[


"അയ്യോ ......";(ബസില്‍ ആരോ നിലവിളിച്ചു) ഈ നിലവിളി കേട്ടുകൊണ്ടാണ് മാധവ മേനോന്‍ ഉണര്‍ന്നത് , മകളെ സ്വപ്നത്തില്‍ കണ്ടുകൊണ്ടിരുന്ന അതേ മൂഡില്‍ തന്നെ മേനോന്‍ പരിസരത്തോട് പ്രതികരിച്ചു പോയി ....
      ഊട്ടിയില്‍ എത്തിയപ്പോള്‍ പിറ്റേദിവസം പുലര്‍ച്ചെ രണ്ടര മണി കഴിഞ്ഞു . ഹോട്ടലില്‍ മുറി എടുത്തു സ്റ്റെപ്പ്  കയറുമ്പോള്‍    "മേനോന്‍  സാര്‍ " ആരോ പിന്നില്‍ നിന്ന് വിളിച്ചു . അയാള്‍ അടുത്തേക്ക് വന്നു. hello Johnson how are  you ? കുശലാന്വേഷണങ്ങള്‍ , ( അദ്ദേഹവും കുടുംബവും ടൂറിന്റെ ഭാഗമായി ഊട്ടിയില്‍ ) " അടിച്ചു പോളിക്കുവാണല്ലേ ?" ജോണ്‍സന്‍ -ന്റെ  ചോദ്യത്തില്‍ നിന്ന് തന്നെ , വിവരങ്ങള്‍ അറിഞ്ഞിട്ടല്ല സംസാരിക്കുന്നതെന്ന്  മേനോന്‍ മനസിലാക്കി, എന്നാല്‍ ശാരദാമ്മക്ക് സങ്കടവും ദേഷ്യവും എല്ലാം ഉണ്ടായി , പെട്ടന്ന് അവര്‍ പടവുകള്‍ കയറിപ്പോയി ....  രാവിലെ കാണാമെടോ.... മേനോനും ശുഭരാത്രി നേര്‍ന്നു നടന്നു ( ഒരു ഔപചാരികത മാത്രം , നേരം പുലര്‍ച്ച ആണെങ്കിലും.)
                            കാലത്ത് ഏഴു മണികഴിഞ്ഞു ജോണ്‍ണ്‍ (സഹപ്രവര്‍ത്തകന്‍  ആയിരുന്നു ) മേനോന്റെ റൂമിന്‍റെ ഡോറില്‍ കൈകൊണ്ടു തട്ടി ..... ആരും അകത്തില്ല   എന്ന നിഗമനത്തില്‍ , ഒരു സംശയത്തോടെ തിരികെ നടന്നു. അല്‍പസമയം കഴിഞ്ഞു ...... ചായ കഴിഞ്ഞോടോ ? മേനോന്‍ സുഹൃത്തിന്റെ  റൂമിലേക്ക്‌ കയറി ചെന്നു....  അല്ല എവിടെ ശാരദാമ്മ ? എന്താടോ ഒരു പ്രസരിപ്പോന്നും കാണുനില്ലല്ലോ, എന്നാ  പറ്റി? ജോണ്‍സന്‍ തിരക്കി.... ഉം താനൊന്നും അറിഞ്ഞില്ല അല്ലെ ;? അറിയിച്ചില്ല അതാണ് സത്യം ... മേനോന്‍  പറഞ്ഞു ......എന്താടോ എ എന്തുപറ്റി ..? മേനോന്‍ തുടരുന്നു , ഈറന്‍ അണിഞ്ഞ കണ്ണുകളുമായി ..... ജീവിതം എല്ലാം കൂടി ഒരുമിച്ചു തരില്ല , ശെരിയാണ്‌ , എന്റെ; അല്ല ഞങ്ങളുടെ എല്ലാം സൌഭാഗ്യം , അവള്‍ പോയി ..ഹേമ മോള്‍ മരിച്ചതിന്റെ മൂന്നാം ചരമ വാര്‍ഷികം ആയിരുന്നു ഇന്ന് .
          "കര്‍ത്താവേ,.......... എന്താടോ ഈ കേക്കുന്നത് താനിതോന്നും ........(ജോണ്‍സന്‍ സ്തംതനായി )............... അതേ ഞാന്‍ ആരോടും പറഞ്ഞില്ല , കഴിഞ്ഞില്ല . മനസ്സ് ഭൌതികത വിട്ടുപോയ നിമിഷങ്ങള്‍ ദിവസങ്ങള്‍ , മാസങ്ങള്‍ ഞങ്ങള്‍ക്കിപ്പോഴും അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിങ്ങലായി നില്‍ക്കുന്നു ഓരോ ഹൃതു സക്രമങ്ങളും ഓരോ അനുഭവം ആയിരുന്നെടോ , അത് കൊണ്ടാണ് ഞാന്‍ അന്ന് നമ്മുടെ ആനുവല്‍ ഡേയ് ക്ക് "എന്റെ ഹൃതു സംക്രമ പക്ഷിക്ക് " എന്നുള്ള കവിത എഴുതിയത് . സങ്കടം മേനോന്‍റെ ശബ്ദത്തെ നിയന്ത്രിക്കുന്നു , ഒരു വീറല്‍ വീണ ശബ്ദം മേനോന്‍ ടൌവ്വല്‍ എടുത്തു മുഖം തുടച്ചു ,,,തുടര്‍ന്നു....
              അന്ന് --1992 -ലെ നവംബര്‍ , എല്ലാ വര്‍ഷവും ശാരദയും മകനും ഉണ്ടാവാറുണ്ട് , മകന് എന്തൊക്കെയോ ആവശ്യങ്ങളും മറ്റും ആയതിനാല്‍ ശാരദ വരുന്നില്ല എന്ന് പറഞ്ഞു ; ലീവ് കിട്ടാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ വേറൊരു ദിവസത്തെ പറ്റി ഞാനും ആലോചിച്ചില്ല ...ഞങ്ങള്‍ രണ്ടു പേരും കൂടിയാണ് അന്നിവിടെ എത്തിയത് , എല്ലാവരും ഇല്ലാത്തതിനാല്‍ മൂന്നു ദിവസമാക്കി ചുരുക്കിയിരുന്നു . സത്യം പറഞ്ഞാല്‍ അവളോടുള്ള എന്റെ വാത്സല്യം മുഴുവന്‍ നല്‍കാന്‍ കഴിഞ്ഞ ചില നിമിഷങ്ങള്‍ , മണിക്കൂറുകള്‍ ഒക്കെയായിരുന്നു ... എല്ലാം ........ എല്ലാം പോയി ,,ജീവിതത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും എല്ലാം ... ഞാനിന്നു വെറുതെ ജീവിക്കുന്നു ശാരദക്ക്‌ വേണ്ടി , അവള്‍ തിരിച്ചും.... ഒരു മൌനം , വിങ്ങല്‍ . ജോണ്‍സന്‍ ഭാര്യയെ നോക്കി ഒരു നെടുവീര്‍പ്പിട്ടു .
       മടക്കയാത്രയുടെ തലേന്നായിരുന്നു ആ വിധി വിളയാട്ടം,,, ഞാനും ഹേമയും ഒരു 8 മണിയോടെ പുറത്തിറങ്ങി . ആരോ പറഞ്ഞു മൂന്നു കിലോമീറ്റര്‍ അപ്പുറം നീലക്കുറിഞ്ഞി പൂത്തിരിക്കുന്നു എന്ന് . കേട്ടപ്പോള്‍ തന്നെ അവളെക്കാള്‍ ആവേശം എനിക്കായിരുന്നു . യാത്ര തുടര്‍ന്നു , പെട്ടെന്ന് തന്നെ ഒരു സൈക്കിള്‍ യാത്രക്കാരന്‍ വന്നു സവാരി ചോദിച്ചു , ഞങ്ങള്‍ അതില്‍ കയറി യാത്ര തുടര്‍ന്നു . ഏകദേശം അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ സ്ഥലത്തെത്തി ...കുന്നിന്‍ മുകളില്‍ കയറിയാലേ കാണാന്‍ പറ്റു എന്ന് അവിടെ നിന്നവര്‍ പറഞ്ഞു ... ഞങ്ങള്‍ അങ്ങനെ കുന്നില്‍ മുകളിലെത്തി ഒരു നോക്ക് കണ്ടു ..ഞാന്‍ അവളെ എടുത്തു കാണിക്കേണ്ടി വന്നു അത്രയ്ക്ക് തിരക്ക് ആയിരുന്നു അവിടെ .... മടങ്ങി വരുന്ന വഴിയില്‍ കാലക്കേടിന് ഞാന്‍ സിഗരട്ട് വാങ്ങണം എന്ന് പറഞ്ഞു ഇറങ്ങി കടയില്‍ നിന്നും സിഗരട്ട് വാങ്ങി കത്തിച്ചു , പോക്കറ്റില്‍ നിന്നും പണമെടുക്കുന്ന സമയം , "അയ്യോ ..." എന്ന ശബ്ദവും കടയില്‍ ഉണ്ടായിരുന്നവരുടെ ഓട്ടവും ഒരുമിച്ചായിരുന്നു , ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ....വീണ്ടും മേനോന്‍റെ ശബ്ദത്തില്‍ മൌനത്തിന്റെ നിഴലാട്ടം ......
സൈക്കിള്‍ റിക്ഷ ഉണ്ടായിരുന്ന സ്ഥലത്ത് നൂറുകണക്കിനാളുകള്‍ ഞാന്‍ ഓടിയെത്തി , ഒന്നേ നോക്കിയുള്ളു .. എന്റെ മകള്‍.." പിടിച്ചടകിയ കദനം വിതുംബലായി ....പശ്ചാത്തലത്തില്‍ മേരി കൈകൊണ്ടു മറച്ചു പിടിച്ചു കരയുന്ന ശബ്ദം . -മേനോന്‍ "വര്‍ത്തമാനത്തിലേക്ക്‌ " തിരിച്ചു വന്നു- "വെള്ളം വിതരണം ചെയ്യുന്ന ഒരു ലോറി ഇടിച്ചതാണ് ...മകളും ആ റിക്ഷക്കാരനും തല്‍ക്ഷണം .....മരിച്ചു. മകളുടെ ശരീരം അവിടെ ഒരു കോവിലിന്റെ മുന്നില്‍ റോടരികിലേക്ക് നിന്ന ആലിന്റെ ചുവട്ടില്‍ ആയിരുന്നു വീണു കിടന്നത് ....ഞങ്ങള്‍ അതിനു ശേഷം ഇതിപ്പോള്‍ മൂന്നാം വര്‍ഷമാണ്‌ ഇവിടെ വരുന്നത് ; രാവിലെ ആ ആല്‍ ചുവട്ടില്‍ പോകും , ഏതൊരു പാപനാശിനിയില്‍ പോകുന്നതിനേക്കാളും എനിക്ക് ഇവിടെ വരുമ്പോഴാണ് സമാധാനം ...ഒന്നും ഇല്ലെങ്കിലും അവള്‍ക്കും ഞങ്ങളുടെ സാമീപ്യം കിട്ടുമായിരിക്കുമെടോ ..., സ്വരമടഞ്ഞു, നാവ് മരവിച്ചു ,,,"ഇത്തിരി വെള്ളം" മേനോന്‍ ചോദിക്കും മുന്‍പേ മേരി കൊണ്ടുവന്നു .
        ദീര്‍ഘ നിശ്വാസങ്ങള്‍ തളം കെട്ടിയ മൌനം ............
        "ഇവിടെ ഉണ്ടായിരുന്നോ ?" ശാരദാമ്മ കയറി വന്നു , "ഇരിക്കൂ ചേച്ചീ   " എന്ന് പറഞ്ഞു മേരി അകത്തേക്ക് ക്ഷണിച്ചു ... "ഇല്ല മേരി ഇറങ്ങട്ടെ ,,,മോനെ ഒന്ന് വിളിക്കണം ; പതിവാണ് ,,ചേട്ടന്‍ പറഞ്ഞു കാണുമല്ലോ ?... " ഇറങ്ങാം എന്ന് പറഞ്ഞു ' "അ..." എന്ന് പറഞ്ഞു മേനോന്‍ എഴുന്നേറ്റു . "പിന്നെ കാണാം , നാളെ പുലര്‍ച്ചെക്കുള്ള ബസില്‍ തിരികെ പോകണം ; നെടുമങ്ങാട്ട് ചെന്നിട്ടു കുറച്ചു കാര്യങ്ങള്‍ ഉണ്ട് . ഒരു ദിവസം വീട്ടിലേക്കു വെരാമെടോ " മേനോനും ഭാര്യയും ഇറങ്ങി നടന്നു.


        ഒരു നീണ്ട ഫോണ്‍കാള്‍ , മേനോനും ശാരദാമ്മയും മാറിമാറി സംസാരിക്കുന്നു , ഇടയ്ക്കു ഗൌരവവും , വാത്സല്യവും , സമാധാനിപ്പിക്കലും , സകല വികാരങ്ങളുടെയും ഭാവങ്ങള്‍ ; പ്രകടങ്ങള്‍ അവിടെ കാണാമായിരുന്നു . റിസീവര്‍ താഴെ വെയ്ക്കുന്നു . "ശ്ശെ ; ഇവന്‍ എന്താണിങ്ങനെ , പ്രായം 30 - കഴിഞ്ഞിരിക്കുന്നു , ഇനി എന്നാ ,,,? നമ്മള്‍ക്കെന്തടോ അവനിത്തിരി സമാധാനം തരാത്തത് ? " ശാരദാമ്മ , നിസംഗതയോടെ മേനോന്‍റെ പരിഭവത്തോട്‌ പ്രതികരിച്ചു ..." സാരമില്ല , എന്തായാലും അവന്‍ വരുമല്ലോ ; അവനും വിഷമം ആണ് , അവനിവിടെ കൂടുതല്‍ നില്ക്കാന്‍ താല്പര്യം ഇല്ലാന്ന് എന്നോട് പറയും ."കൊച്ചുവാവീടെ ചിരി എപ്പോഴും കേള്‍ക്കും അത് അവനു വല്ലാത്ത വിഷമം ഉണ്ടാക്കുന്നു എന്നും പറയുമായിരുന്നു ,,,,പാവം ഉം - നിങ്ങള്‍ വിഷമിക്കാതെ ഇത്തവണ അവന്‍ സമ്മതിക്കും നമുക്ക് നടത്താന്നെ ...!"
         മേനോനും ശാരദാമ്മക്കും കരുത്തും, പ്രതീക്ഷയും ഹരീഷാണ്.. അല്ലാതെ ആരാണ് ?..ചെറിയ കുട്ടി ആയിരുന്നപ്പോഴും "ഹേമ" എന്നും വീട്ടിലെ "കൊച്ചുവാവി" ആയിരുന്നു . മേനോന് അവള്‍ "ഹൃതു സക്രമത്തിലെ പക്ഷി" ആയിരുന്നു . അന്നെഴുതിയ ആ കവിത , അതാണിപ്പോള്‍ അവരുടെ "ഇളയ മകള്‍" ... മാനുഷിക സ്നേഹത്തിനും , സ്വപ്നത്തിനും , പ്രതീക്ഷക്കും , വികാരങ്ങള്‍ക്കും , വാല്സല്യത്തിനും , സന്തോഷത്തിനും ,ദുഖത്തിനും ,,എല്ലാറ്റിനും..., എല്ലാറ്റിനും .. ഒരു തുടക്കത്തെപ്പോലെ ഒടുക്കവും ഉണ്ടായിരിക്കണമല്ലോ - ലോകസത്യമാകാം , അതും അല്ലെങ്കില്‍ philosophy എന്ന് പറഞ്ഞു തള്ളിക്കളയാം ...പുച്ചിക്കാം.."; എന്തിനും ഏതിനും , മേനോന്‍റെ മറുപടി "ഹേമമോള്‍" എന്റെ എല്ലാം ആയിരുന്നു എന്നാണ് . ശാരദാമ്മക്ക് ഇപ്പോള്‍ കണ്ണീരില്ല , ആറി ഉറഞ്ഞ മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് വല്ലപ്പോഴും ഉറവപോലെ നിര്ജ്ജരിക്കുന്ന ഒന്നോ രണ്ടോ അശ്രുകണങ്ങള്‍ ......... ഓര്‍മ്മയെ ഇവിടെ മറവി തോല്‍പ്പിക്കട്ടെ , ശിക്ഷിക്കട്ടെ അങ്ങനെയെങ്കിലും ആ ഹൃദയങ്ങള്‍ ഇനിയുള്ള കാലം സന്തോഷിക്കട്ടെ , പറയാനുള്ളത് ആരോടെങ്കിലും പറയുമ്പോള്‍ കിട്ടുമെന്ന് പറയുന്ന ആ ആശ്വാസം ,,അത് മേനോനും ശാരദാമ്മക്കും ;;;; ജോണ്‍സന്‍ ഉം മേരിക്കും കൊടുക്കാന്‍ കഴിഞ്ഞെകില്‍ ....പുണ്യം , നന്മ , സന്മനസ്സു ,,അല്ലേ?? ആണ് , ആകണം ,,,,എന്നാലെ ഞാനും നിങ്ങളും നിറഞ്ഞ ഈ സമൂഹം , ലോകം ,,,ഇവക്കൊക്കെ അര്‍ത്ഥമുണ്ടാകൂ , ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ത്രാണി ഉണ്ടാകൂ ...
 .......... മാസങ്ങള്‍ മൂന്നു കഴിഞ്ഞു , മേനോനും ശാരദാമ്മയും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകാനായിറങ്ങി   ; മകന്‍ - ഹരീഷ് എത്തുന്നുണ്ട് , കുറച്ചു ദിവസങ്ങള്‍ - അല്ല ഇനിയുള്ള ദിവസങ്ങള്‍ മൌനം തളം കെട്ടിയ ആ മനസുകളില്‍ ഒരു ചെറിയ വസന്തം തളിര്‍ക്കുമായിരിക്കും , വേണം ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുന്നു എല്ലാവരോടും .


           "ചിദംബരത്തിന്റെ" മുന്നിലെ ഗേറ്റ് അടച്ച ശേഷം മേനോന്‍ കാറിലേക്ക് കയറി , എടോ നമ്മള്‍ കുറച്ചു നേരത്തെയാണല്ലോ ?--- "ഉം  സാരമില്ല" ; ശാരദാമ്മ പറഞ്ഞു; പോകാം എന്താ രെവീ? ഡ്രൈവറോട് മേനോന്‍ ,,,,
           കാറിന്റെ ശബ്ദം ചെവിയില്‍ ഒരു ചെറിയ മൂളല്‍ പോലെ .............കണ്ണില്‍ ഒരു ചെറിയ മൊട്ടുപോലെ .........




-------------നീയാണു മകളെ എന്റെ ഹൃതുസക്രമത്തിലെ പെണ്‍ പക്ഷി .,
                 നീയാണു മകളെ എന്റെ കനകകുടീരത്തിലെ ഐശ്വര്യ ദേവത ,
                 നിന്നെ ചിദംബരം വളര്‍ത്തട്ടെ ;
                 ഞങ്ങള്‍ തരുന്നു തേനും, പാലും , എല്ലാം എന്നും .
                 ഉണരട്ടെ പുലരികള്‍ ; ഉയരട്ടെ നിന്‍ ചിരി .......




[കഥകള്‍ കവിതകളാകാം, കാവ്യങ്ങള്‍ കഥകളും .. പക്ഷെ തിരിച്ചറിയപ്പെടുംബോഴാണ് അതിനു ചേതനയും അര്‍ത്ഥ തലങ്ങളും സമ്മാനിക്കപ്പെടുന്നത്.....അരുണ്‍ വി .ബി]
                                                                                                                            

January 15, 2010

ഗൃഹാതുര സ്മരണകള്‍

ഈറന്‍ മുടിയില്‍ വസന്തവുമായി.,
കുളിരോലും കാറ്റിനു ചുംബനമേകി ,
പുളിയിലക്കരമുണ്ടില്‍ നാണം മറച്ചുകൊണ്ടവളിരുന്നു ;
എനിക്കായി കാത്തിരിന്നു.., കതോര്‍ത്തിരുന്നൂ.... .


മുട്ടിവിളിക്കാതെ , ആരെന്നു കാണാതെ ,
എല്ലാം; ...എല്ലാം; ............തുറന്നു തന്നു , വിളിച്ചു തന്നു .
പരിഭവം ഇല്ലാതെ ഓരോ ദിനവും
ചിരിച്ചു നിന്നു ,, ചിരി തൂകി നിന്നൂ.....


ഓടി ഒളിക്കാതെ ഓര്‍മയില്‍ ആവാതെ എന്നും ;എന്നും
അരികില്‍ നിന്നു.... ചേര്‍ന്നു നിന്നു .
പരിവേഷം ഇല്ലാതെ ഓരോ കിനാവും പെയ്തു നിന്നു
മധുതൂകി നിന്നൂ... .


ഒഴുകാത്ത പുഴ പോലെ, മായാതെ ...മറയാതെ ,
ഒരു നവ ചേതന പകര്‍ന്നു നിന്നു.
എന്നില്‍ എന്നും നിറഞ്ഞു നിന്നു.


ഇവള്‍ എന്‍റെ നാട് , ഇവള്‍ എന്‍റെ വീട് ....
ഇവള്‍ എന്‍റെ മനസ്സിന്‍റെ മൌന സംഗീതമാം ആരോമലാള്.